മലപ്പുറം: ജില്ലയിലെ അനധികൃത ചെങ്കൽ - കരിങ്കൽ ക്വാറികൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം.
മലപ്പുറം -വേങ്ങര റോഡിൽ പാണക്കാട് എടായിപ്പാലത്തിൽ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിലാണ് ജിയോളജി, പഞ്ചായത്ത്, പോലീസ്, റവന്യു, ഫയർ ആൻഡ് റസ്ക്യു, വകുപ്പുകളുടെ സംയുക്ത യോഗം ചേർന്നത്.
അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾ കണ്ടെത്തുന്നതിനും അനുമതിയില്ലാതെ മണ്ണെടുക്കുന്നത് തടയാനും കെട്ടിട നിർമാണ പെർമിറ്റ് ഇല്ലാത്ത നിർമാണ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും ജിയോളജി, പോലീസ്, റവന്യു ഉൾപ്പെടുന്ന ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും. അനധികൃത ക്വാറികളുടെ പ്രവർത്തനം തടയുന്നതിന് പോലീസ്, റവന്യു, പഞ്ചായത്ത് വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 24 മണിക്കൂറും പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. ക്വാറി ഉത്പന്നങ്ങളുമായി പോകുന്ന ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പരിശോധിക്കും.
സംസ്ഥാന- ദേശീയ പാതകളുടെ വശങ്ങളിലെ കൈയേറ്റം കണ്ടെത്തി ഒഴിപ്പിക്കാനും തീരുമാനമായി. യോഗത്തിൽ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്, എഡിഎം ഇൻ ചാർജ് അൻവർ സാദത്ത്, സബ് കളക്ടർമാരായ ദിലീപ് കെ. കൈനിക്കര, സാക്ഷി മോഹൻ, ജില്ലാ ജിയോളജിസ്റ്റ് റീന നാരായണൻ, മറ്റു വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, വിവിധ താലൂക്ക് തഹസിൽദാർമാർ, പോലീസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.